ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധരംഗത്തുള്ള 'കോക്രോച്ച് ജനതാ പാർട്ടി' പ്രസ്ഥാനം അട്ടിമറി ശക്തികളുടെ 'ബി ടീം' ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ജനാധിപത്യത്തിൽ ജനങ്ങളാൽ നിരസിക്കപ്പെട്ടവർ വേഷംമാറി വന്ന് രാജ്യത്തെ വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ കൂട്ടർ മുദ്രാവാക്യം വിളിക്കുന്നതെന്നും ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ ഭയപ്പെടുത്താനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. വിഷയത്തിൽ കോൺഗ്രസും രാഹുലും തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.